ഞാൻ, ഡോ. മോഹൻ ലെസ്ലി നൂൺ, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ന്യൂറൊളജിസ്റ്റാണ്. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് കമ്പ്യൂട്ടർ സോഫ്റ്റ്വേറിൽ ഏറെ താത്പര്യമുണ്ടായിരുന്നു. സസ്യബുക്ക് എന്ന പേരിൽ ആൻട്രോയിട്, ഐ ഫോൺ, വിൻടോസ് ഫോൺ ആപ്പുകൾ ഉണ്ടാക്കുകയും, അവ അതത് മാർക്കറ്റുകളിൽ ഇറക്കുകയും ചെയ്തിറ്റുണ്ട്.
അങ്ങനെയിരിക്കുമ്പോൾ, ഒരു ദിവസം, എന്റെ ദേവാലയമായ കോഴിക്കോട് സി എസ് ഐ കത്തീട്രൽ അംഗവും സുഹൃത്തുമായ ബിനൽ സത്യദാസൻ ദേവാലയത്തിൽ ഉപയോഗിക്കുന്ന പാട്ടുപുസ്തകം മൊബൈലിൽ ലഭ്യമാക്കുന്നത് നന്നായിരിക്കും എന്ന് താത്പര്യ പെട്ടു. ശരി എന്നു തോന്നിയതിനാൽ വൈകാതെ തന്നെ അതു ചെയ്യുവാൻ തുടങ്ങി. അപ്പോൾ ഇന്റർനെറ്റിലുള്ള മലയാള വേദപുസ്തക പ്രതികൾ നോക്കുവാൻ ഇടയായി. ഒന്നുംതന്നെ അത്രയ്ക് ഇഷ്ടമായില്ല. ഒരു കൈ നോക്കിയാലോ എന്ന് വിചാരിച്ചു. അങ്ങനെയാണ് ഫെബ്രവരി 22, 2014-ന് ഇതുണ്ടാക്കുവാൻ തുടങ്ങിയത്.
സൈറ്റിന്റെ കാതലായ കുറിപ്പുകൾ ഒന്ന്-രണ്ട് ദിവസം കൊണ്ട് എഴുതി (പി.എച്.പി - മൈഎസ്ക്യുഎല്ലും, ജാവാസ്ക്രിപ്പ്റ്റും, അജാക്സ്-ജെക്യറിയുമാണുപയോഗിച്ചത്). വേദപുസ്തകത്തന്റെ താളുകൾ നെറ്റിലുള്ള പല സൌജന്യ സൈറ്റുകളിൽ നിന്ന് കിട്ടി. അതെല്ലാം സൈറ്റിലേക്കാക്കുവാൻ ഒന്ന്-രണ്ട് ദിവസം കൂടി എടുത്തു. പിന്നീട് ഖണ്‌ഡികൾ തിരിക്കുവാനും വാക്യങ്ങളുടെ അക്കങ്ങളും മറ്റും നോക്കി തിരുത്തുവാനും ഒരാഴ്ചയോളം എടുത്തു. അതിന് എന്റെ മകൾ അഞ്ജലിയും, ഭാര്യ ഡോ. മമതയും അമ്മ ഡോ. ഷീല നൂണും സഹായിച്ചു.
ഫെബ്രവരി 28, 2014-ന് ഇതെല്ലാം ചെയ്തു കഴിഞ്ഞു.
മൊബൈലിലും ഡെസ്ക്ടോപ്പുലും സുഗമമായി ഉപയോഗിക്കാവുന്ന തരത്തിലാണ് സൈറ്റിന്റെ ഘടന.