ഞായറാഴ്ച കാലത്തെ ശുഷ്രൂഷ

  1. പാപസ്വീകാരം
  2. വിശ്വാസപ്രമാണം
  3. പക്ഷവാദപ്രാർത്ഥന
  4. കർത്താവിന്റെ പ്രാർത്ഥന
  5. പ്രതിവാക്യ സങ്കീർത്തനങ്ങൾ
    1. പശ്ചാത്താപസങ്കീർത്തനങ്ങൾ
      1. സങ്കീർത്തനം 6
      2. സങ്കീർത്തനം 32
      3. സങ്കീർത്തനം 51
      4. സങ്കീർത്തനം 130
    2. ആരാധനാസങ്കീർത്തനങ്ങൾ
      1. സങ്കീർത്തനം 23
      2. സങ്കീർത്തനം 25
      3. സങ്കീർത്തനം 118
      4. സങ്കീർത്തനം 121
    3. സ്തോത്രസങ്കീർത്തനങ്ങൾ
      1. സങ്കീർത്തനം 34
      2. സങ്കീർത്തനം 96
      3. സങ്കീർത്തനം 103
      4. സങ്കീർത്തനം 111

A. പാപസ്വീകാരം

1. ആഗമനത്തിൽ ഒന്നാം ഞായർ മുതൽ പ്രകാശ ദിനം വരെ ഉപയോഗിപ്പാനുള്ളത്

സർവശക്തനും അതി കാരുണ്യവാനും ആയ പിതാവെ, ഞാൻ പിഴെച്ചു കാണാതെ പോയ ആടിനെ പോലെ വഴി തെറ്റിപ്പോയിരിക്കുന്നു. ഞാൻ സ്വന്ത മോഹങ്ങളെയും ഉപായങ്ങളെയും അതിയായി അനുസരിച്ചു നടക്കുകയും പരിശുദ്ധമായ തിരുകല്പനകളെ ലംഘിക്കുകയൂം ചെയ്തിരിക്കുന്നു. ചെയ്യേണ്ടത് ചെയ്യാതെയും, അരുതാത്തത് ചെയ്തും പോയിരിക്കുന്നു. കർത്താവെ, നികൃഷ്ട പാപിയായ എന്നോട് കരുണയുണ്ടാകേണമേ. ദൈവമേ, തിരുമുമ്പിൽ കുറ്റം സ്വീകരിക്കുന്ന എന്നെ രക്ഷിക്കേണമെ. ഞങ്ങളുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം മനുഷ്യവംശത്തിനു നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ ഓർത്തു എന്നേയും യഥാസ്ഥാനപ്പെടുത്തേണമേ. മഹാകാരുണ്യവാനായ പിതാവെ, പരിശുദ്ധനാമം മഹത്വീകരിക്കപെടുമാറു, മേലിൽ ഭക്തിയോടും നീതിയോടും സുബോധത്തോസുംകൂടെ ജീവിച്ചുപോരുവാൻ ക്രിസ്തുവിനെ വിചാരിചു എന്നെ തുണക്കേണമെന്നു ഞാൻ വണക്കമായി അപേക്ഷിക്കുന്നു. ആമേൻ.

2. പ്രകാശദിനത്തിന്റെ പിറ്റെ ഞായർ മുതൽ പുനരുത്ഥാനദിനം വരെ ഉപയോഗിക്കേണ്ടതു

ദൈവമേ, നിത്യനും സർവ്വശക്തനുമായ പിതാവേ, ഞങ്ങൾ അധമപാപികളും സ്വഭാവേന ദോഷത്തിലേക്കു ലാഞ്ചനയുള്ളവരും ആകുന്നു എന്നു സ്വീകരിച്ചുകൊള്ളുന്നു. നന്മചെയ്വാൻ സ്വതവേ പ്രാപ്തിയില്ലാത്ത ഞങ്ങൽ തിരുകല്പനകളെ പലപ്രകാരേണ നാൾതോറും ലംഘിച്ചു ന്യായമായ ശിക്ഷാവിധി ഞങ്ങളുടെ മേൽ വരുത്തിക്കൂട്ടിയിരിക്കുന്നു. കർത്താവേ, നിന്നോടു പിഴെച്ചുപോയതിനാൽ ഞങ്ങൾ മനഃപൂർവ്വം ദുഃഖിക്കുകയും നിർവ്വ്യാജം അനുതപിച്ചുകൊണ്ട് തിരുമുമ്പിൽ ഞങ്ങളെ കുറ്റപ്പെടുത്തുകയും, ഞങ്ങളുടെ പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. തൃക്കാരുണ്യം മാത്രം ആശ്രയിച്ചു ഞങ്ങളോടു കനിവു തോന്നേണമേ എന്നു ഞങ്ങൾ അപേക്ഷിക്കുന്നു. സർവ്വ നന്മകൾക്കും ഉടയോനേ, മനസ്സലിവുള്ള പിതാവേ, ഈ അരിഷ്ടതയിൽ നിന്നു ഞങ്ങളെ വീണ്ടുകൊള്ളേണമേ. പരിശുദ്ധനും ഞങ്ങളുടെ രക്ഷകനും ആയ സ്വപുത്രനെ വിചാരിച്ചു ഞങ്ങളെ സകല കളങ്കങ്ങളിൽനിന്നും കഴുകി ശുദ്ധീകരിക്കേണമേ. ആമെൻ.

3. പെസഹയിൽ ഒന്നാം ഞായർ മുതൽ ത്രിത്വനാൾവരെ ഉപയോഗിപ്പാനുള്ളത്

സ്വർഗ്ഗസ്ഥ പിതാവായ ദൈവമേ, ഞാൻ പല പ്രകാരത്തിലും കൊടിയ പാപം ചെയ്തിരിക്കുന്നു. പ്രത്യക്ഷമായി തിരുകല്പനകളെ ലംഘിച്ചു നടന്നതിനാൽ മാത്രമല്ല, മനസ്സിലെ രഹസ്യവിചാരങ്ങളാലും കൂടെ തന്നെ. എന്റെ ഊ കുറ്റങ്ങൾ ഒക്കെയും ഓർത്ത് ഞാൻ പരമാർത്ഥമായി പശ്ചാതാപപ്പെടുകയും നിർവ്യാജം ദുഃഖിക്കുകയും ചെയ്യുന്നു. മഹാ ദയാലുവായ ദൈവമേ, എന്നോടു കരുണ തോന്നണമേ. വാത്സല്യപുത്രനായ യേശുവിനെ വിചാരിച്ചു എന്റെ പാപം ഒക്കെയും ക്ഷമിച്ചു എന്റെ ബലഹീനതകളെ ജയിപ്പാൻ കാരുണ്യപൂർവ്വം സഹായിക്കേണമേ. ദിവ്യസ്നേഹ സംസർഗ്ഗത്തിൽ എന്നെ തിരികെ ചേർത്തുകൊൾകയും തിരുമുമ്പിൽ പ്രസാദമായുള്ളതും പ്രവർത്തിക്കേണ്ടതിനു എന്നെ ബലപ്പെടുത്തുകയും ചെയേണമെ. ആമെൻ.

4. ത്രിത്വനാൾക്കു പിറ്റെ ഞായർ മുതൽ ഒടുവിലത്തെ ഞായർവരെ ഉപയോഗിപ്പാനുള്ളതു

സ്വർഗ്ഗസ്ഥ പിതാവേ, അരിഷ്ടപാപികളായ അടിയങ്ങൾ തിരുമുമ്പിൽ സങ്കടത്തോടെ സ്വീകരിക്കുന്നതു കൃപയോടെ കേൾക്കേണമെ. ഞങ്ങൾ തിരു കല്പനകൾ പലപ്പോഴും പലവിധത്തിലും ലംഘിച്ചിരിക്കുന്നു. ആകാത്ത വിചാരങ്ങളാലും വാക്കുകളാലും ക്രിയകളാലും പലവിധേന അവിശ്വാസം, നന്ദികേട്, ചതി എന്നിവയാലും വേണ്ടുംപോലെ സഹോദരന്മാരെ സ്നേഹിക്കാതിരുന്നതിനാലും വളരെ പാപം ചെയ്തിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ ന്യായവിധിക്കും നിത്യമരണത്തിനുംകൂടെ യോഗ്യരായ് തീർന്നിരിക്കുന്നു. ഈ സകല പാപങ്ങളും നിമിത്തം ഞങ്ങൾക്കു അനുതാപവും മനോവേദനയും ഉണ്ട്. ഞങ്ങളുടെ കടങ്ങളെ കവിയുന്ന ദൈവകൃപയാൽ ഉണ്ടായ് വന്നതും, യേശുക്രിസതു മുഖാന്തരം സാദ്ധ്യമായതുമായ വിലയേറിയ വീണ്ടെടുപ്പല്ലാതെ ഞങ്ങൾ യാതൊരു ആശ്വാസവും വഴിയും കാണുന്നില്ല. അതുകൊണ്ടു ഞങ്ങളുടെ സർവ്വപാപങ്ങളെയും സൗജന്യമായി ക്ഷമിച്ചു, തിരുകൂട്ടായ്മയിൽ ഞങ്ങളെ ചേർത്തു, ജീവന്റെ പുതുക്കത്തിലും കൃതജ്ഞതയോടുകൂടയും തിരുസേവചെയ്വാൻ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ വിശുദ്ധീകരിക്കേണം എന്ന് വിനയമായി അപേക്ഷിക്കുന്നു. ആമെൻ.

 ⬆︎ 

B. വിശ്വാസപ്രമാണം

1. അപ്പോസ്തലവിശ്വാസപ്രമാണം

സ്വർഗ്ഗങ്ങൾക്കും ഭുമിക്കും സ്രഷ്ടാവായി സർവ്വശക്തനായി പിതാവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു.

അവന്റെ ഏകപുത്രനായി നമ്മുടെ കത്താവായ യേശുക്രിസ്തുവിങ്കലും ഞാൻ വിശ്വസിക്കുന്നു. അവൻ പരിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉത്പാദിതനായി ജനിച്ചു. പൊന്തിയോസ് പിലാത്തോസിന്റെ കീഴിൽ കഷ്ടമനുഭവിച്ചു ക്രൂശിക്കപ്പെട്ടു, മരിച്ചു, അടക്കപ്പെട്ടു, പാതാളത്തിലിറങ്ങി, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു, സ്വർഗ്ഗാരോഹണമായി, സർവ്വ ശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു. അവിടെനിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിപ്പാൻ വരികയും ചെയ്യും.

പരിശുദ്ധാത്മാവിലും വിശുദ്ധന്മാരുടെ കൂട്ടായ്മയാകുന്ന ശുദ്ധ സാധാരണ സഭയിലും പാപമോചനത്തിലും ശരീരത്തോടെ ജീവിച്ചെഴുന്നേൽക്കുന്നതിലും നിത്യ ജീവങ്കലും ഞാൻ വിശ്വസിക്കുന്നു. ആമെൻ.

2. നിക്കെയവിശ്വാസപ്രമാണം

സ്വർഗ്ഗത്തിനും ഭൂമിക്കും കാണപ്പെടുന്നവയും കാണാപെടാത്തവയും ആയ സർവത്തിനും സ്രഷ്ടാവായി സർവ്വശക്തനായി പിതാവായ ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.

സർവ്വലോകങ്ങൾക്കു മുമ്പായി പിതാവിൽനിന്നു ജനിച്ചവനായി, ദൈവത്തിന്റെ ഏകജാതപുത്രനായി ഏകകർത്താവായ യേശു ക്രിസ്തുവിലും ഞാൻ വിശ്വസിക്കുന്നു. താൻ ദൈവത്തിൽനിന്നു ദൈവം, പ്രകാശത്തിൽ നിന്നു പ്രകാശം, സത്യദൈവത്തിൽനിന്നു സത്യദൈവം, ജനിപ്പിക്കപ്പെറ്റവൻ, സൃഷ്ടിക്കപ്പെട്ടവനല്ല. പിതാവിനോട് ഏകത്വമുള്ളവൻ, അവനാൽ സകലവും സൃഷ്ടിക്കപ്പെട്ടു. താൻ മനുഷൃരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും സ്വർഗ്ഗത്തിൽനിന്നു ഇറങ്ങി, പരിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽനിന്നു അവതാരം ചെയ്തു മനുഷ്യനായ്ത്തീർന്നു. പൊന്തിയോസ് പിലാത്തോസിന്റെ കീഴിൽ നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടു. അവൻ കഷ്ടം അനുഭവിച്ചു അടക്കപ്പെട്ടു. തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു, സ്വർഗ്ഗാരോഹണംചെയ്തു പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു. അവൻ ജീവിക്കുന്നവരെയും മരിച്ചവരെയും ന്യായം വിധിപ്പാൻ മഹത്വത്തോടെ വീണ്ടും വരും. അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയുമീല്ല.

കർത്തിവും ജീവൻ നൽകുന്നവനും പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെണുന്നവനും, പിതാവിനോടും പുത്രനോടുംകൂടെ വന്ദിക്കപ്പെട്ടു മഹത്വീകരിക്കപ്പെടുന്നവനും, പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തർനും ആയ പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.

ശുദ്ധസാധാരണവും അപ്പോസ്തോലികവും ആയ ഏക സഭയെയും ഞാൻ വിശ്വസിക്കുന്നു. പാപമോചനത്തിന്നുള്ള ഏകസ്നാനത്തെ ഞാൻ സ്വീകരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തിന്നും വരുവാനുള്ള ലോകത്തിലെ ജീവനും ഞാൻ കാത്തിരിക്കുന്നു. ആമെൻ.

 ⬆︎ 

C. പക്ഷവാദപ്രാർത്ഥന

1. തിരുസഭക്കുവേണ്ടിയുള്ള പക്ഷവാദം

ശുശ്രൂഷകൻ:- സാർവ്വത്രിക തിരുസഭക്കുവേണ്ടി നാം പ്രാർത്ഥിക്കുക.

സർവ്വശക്തനും, കാരുണ്യവാനുമായ ദൈവമേ, ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവേ, പ്രിയപുത്രനെ വിചാരിച്ചു തിരുസഭയെ കൃപയോടെ കടാക്ഷിക്കേണമേ. തിരുവചനത്തിൽ അടങ്ങിയിരിക്കുന്ന ശക്തി, നിർമ്മലത എന്നിവ കാത്തുകൊൾവാൻ സഹായിക്കേണമേ. പരിശുദ്ധാത്മാവിന്റെ സഹായം നൽകി തിരുസഭയുടെ സാക്ഷ്യം സഫലമാക്കേണമേ. അന്യമതസ്ഥർക്കു വിശ്വാസവും മാനസാന്തരവും നൽകുകയും, യിസ്രായേലിന്റെ ചിതറിപ്പോയ ആടുകളെ ചേർത്തുകൊൾകയും ചെയ്യേണമെ. ഞെരുക്കതിലും പീഢനകളിലും ഇരിക്കുന്ന സഭകളെ ഞങ്ങൾ പ്രത്യേകമായും തിരുമുമ്പിൽ ഓർക്കുന്നു. ആ സഭകൾക്കു ജ്ഞാനവും, ബലവും, ലോകത്തെ ജയിക്കുന്ന ജയമായ വിശ്വാസവും നൽകേണമേ. ആമേൻ.

സഭ : കർത്താവേ, ഞങ്ങളെ കേൾക്കണമേ

ശുശ്രൂ : നമ്മുടെ സഭക്കുവേണ്ടിയും പ്രാർത്ഥിക്കുക

കർത്താവേ, ബാസലിലെ ഞങ്ങളുടെ മിഷ്യൻ സംഘത്തെയും, സഭകളെയും ഐക്യസഭ മുഴുവനെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ സഭയുടെ മൂപ്പയോഗങ്ങളെയും, പരിപാലക സംഘങ്ങളെയും സുന്നഹദോസിനെയും, തിരുസേവയിലുള്ള എല്ലാ ശുശ്രൂഷകന്മാരെയും പ്രവർത്തകന്മാരെയും പരിശുദ്ധാത്മാവിനാൽ നടത്തേണമേ. ആമെൻ.

സഭ : കർത്താവേ, ഞങ്ങളെ കേൾക്കണമേ

ശുശ്രൂ : നമ്മുടെ കുടുംബങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുക.

എല്ലാ ഭവനങ്ങളും കുടുംബങ്ങളും സമാധാനത്തിലും ഐക്യത്തിലും ഇരിപ്പാൻ സഹായിക്കേണമേ കുഞ്ഞുങ്ങളെയും വിദ്യാർത്ഥികളെയും പോറ്റി വളർത്തുവാൻ ഏർപ്പെട്ടിട്ടുള്ളവരുടെ പ്രയത്നങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കളുടെ മനസ്സ് പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ സത്യതിലേക്കു നടത്തേണമേ. അനാഥർ, വിധവമാർ, അഗതികൾ, പീഡിതർ എന്നിവരെ കാത്തുപുലർത്തേണമെ. രോഗികൾക്കും വയോവൃദ്ധന്മേർക്കും മരണം അടുത്തവർക്കും സമീപസ്ഥനാക്കേണമേ. ആമേൻ.

സഭ : കർത്താവേ, ഞങ്ങളെ കേൾക്കണമേ

ഇവിടെ പ്രത്യേക പക്ഷവാദപ്രാർത്ഥനകളിൽ ഒന്നുംകൂടി അർപ്പിക്കാവുന്നതാണ്.

സഭ : കർത്താവേ, ഞങ്ങളെ കേൾക്കണമേ

ശുശ്രൂ : നമ്മുടെ മരണനാഴികയും ഓർക്കുക

ഞങ്ങളുടെ അന്ത്യനാഴിക അടുക്കുമ്പോഴും, ഞങ്ങൾ മരണവേദനകളിൽക്കൂടി കടക്കുമ്പോഴും ഞങ്ങൾ വിശ്വാസത്തോടെ നിദ്രപ്രുപിപ്പാനും ഞങ്ങളുടെ ദേഹികൾ സമാധാനത്തോടെ പിരിഞ്ഞുപോവാനും കർത്താവേ, സർവ്വശക്തിയുള്ള കരുണയാൽ തുണനിൽക്കേണമേ. തിരുമുഖം കണ്ട് ആനന്ദിപ്പാനും സകല ദൂതന്മാരോടും തിരഞ്ഞെടുക്കപ്പെട്ട ദൈവമക്കളോടും ഒന്നിച്ച് തിരുനാമത്തെ എന്നെന്നും വാഴ്ത്തി സ്തുതിച്ചുകൊണ്ടിരിപ്പാനും, ആ മഹാദിനത്തിൽ ഞങ്ങളെ തേജോരാജ്യത്തിൽ ചേർത്തുകൊള്ളേണമേ. ആമെൻ.

സഭ : കർത്താവേ, ഞങ്ങളെ കേൾക്കണമേ

 ⬆︎ 

2. രാജ്യത്തിനുവേണ്ടിയുള്ള പക്ഷവാദം

ശുശ്രൂ : നമ്മുടെ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുക.

കൃപാനിധിയായ ദൈവമേ, കർത്താധികർത്താവേ, ഞങ്ങളുടെ മേലധികാരികളായ എല്ലാ ഭരണകർത്താകന്മാരെയും തൃക്കാവലിലും കൃപയിലും ഭരമേൽപ്പിച്ചുകൊള്ളുന്നു. അധികാരസ്ഥരായ എല്ലാവർക്കും പക്ഷപാതം കൂടാതെ നീതിയോടെ ഞങ്ങളെ ഭരിപ്പാൻ ജ്ഞാനവും വിവേകവും നൽകേണമേ. ഞങ്ങളുടെ ഭാരതഖണ്ഡത്തെയും അതിലുള്ള നിവാസികൾ എല്ലാവരെയും അനുഗ്രഹിക്കേണമേ. എല്ലാവരിലും കരുണയും സത്യവും സമാധാനവും നിലന്നുപോരുവാൻ തുണക്കേണമെ ആമെൻ.

സഭ : കർത്താവേ, ഞങ്ങളെ കേൾക്കണമേ.

ശുശ്രൂ : നമ്മുടെ സംരക്ഷണത്തിനായും പ്രാർത്ഥിക്കുക

കർത്താവേ, ഞങ്ങൾക്കു എല്ലാവർക്കും ദിവസവൃത്തിക്കു വേണ്ടുന്നതു തരേണമേ. ഞങ്ങളുടെ തൊഴിലുകളും വ്യവസായങ്ങളും അഭിവൃദ്ധപ്പെടുത്തേണമേ. ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നൽകേണമേ. ഭൂമിയിലെ ഫലങ്ങൾ ഞങ്ങൾ കാലാനുസരം അനുഭവിക്കേണ്ടതിന്നു അവയെ കാത്തുകൊള്ളേണമേ. ആമെൻ.

സഭ : കർത്താവേ, ഞങ്ങളെ കേൾക്കണമേ.

ശുശ്രൂ : നമ്മുടെ ആരോഗ്യത്തിനും ഭദ്രതക്കുംവേണ്ടി പ്രാർത്ഥിക്കുക.

കർത്താവേ, ഞങ്ങളുടെ നാടും നഗരവും കരുണയോടെ പാലിക്കേണമേ. യുദ്ധമത്സരങ്ങളിൽ നിന്നും, അഗ്നിബാധ, പെരുവെള്ളം എന്നീ ആപത്തുകളിൽനിന്നും, മഹാമാരി, പകർച്ചവ്യാധി, ക്ഷാമം എന്നിവയിൽനിന്നും പെട്ടെന്നുള്ള മരണത്തിൽനിന്നും ഞങ്ങളെ ഉദ്ധരിക്കേണമേ. ആമെൻ.

സഭ : കർത്താവേ, ഞങ്ങളെ കേൾക്കണമേ.

ഇവിടെ പ്രത്യേക പക്ഷവാദ പ്രാർത്ഥനകളിൽ ഒന്നുംകൂടെ അർപ്പിക്കാവുന്നതാണ്.

സഭ : കർത്താവേ, ഞങ്ങളെ കേൾക്കണമേ.

ശുശ്രൂ : നമ്മുടെ മരണനാഴികയും ഓർക്കുക.

വിശുദ്ധദൂതന്മാർ ഞങ്ങളുടെ ചുറ്റും പാളയമിറങ്ങി ഇപ്പോൾ ജീവമാർഗ്ഗത്തിലും, പിന്നീട് ഞങ്ങളുടെ മരണനാഴികയിലും ഞങ്ങളെ കാത്തുകൊള്ളുന്നതിനു സഹായിക്കേണമേ. മഹാകാരുണ്യവാനായ പിതാവെ, ഞങ്ങളുടെ രക്ഷകനായ ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ വിനയമായി യാചിക്കുന്നതു കേൾക്കേണമേ. ആമെൻ.

സഭ : കർത്താവേ, ഞങ്ങളെ കേൾക്കണമേ.

 ⬆︎ 

D. കർത്താവിന്റെ പ്രാർത്ഥന

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.

ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേ.

ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കേണമേ.

ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.

രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. ആമേൻ.

 ⬆︎ 

E. പ്രതിവാക്യ സങ്കീർത്തനങ്ങൾ

1. പശ്ചാത്താപസങ്കീർത്തനങ്ങൾ

സങ്കീർത്തനം 6 : 1-9

യഹോവേ, നിന്റെ കോപത്തില്‍ എന്നെ ശിക്ഷിക്കരുതേ;

നിന്റെ ക്രോധത്തില്‍ എന്നെ ദണ്ഡിപ്പിക്കരുതേ.

യഹോവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ;

യഹോവേ, എന്റെ അസ്ഥികള്‍ ഭ്രമിച്ചിരിക്കുന്നു. എന്നെ സൌഖ്യമാക്കേണമേ.

എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു;

നീയോ, യഹോവേ, എത്രത്തോളം?

യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ.

നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.

മരണത്തില്‍ നിന്നെക്കുറിച്ചു ഓര്‍മ്മയില്ലല്ലോ;

പാതാളത്തില്‍ ആര്‍ നിനക്കു സ്തോത്രം ചെയ്യും?

എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു;

കണ്ണുനീര്‍കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനെക്കുന്നു.

ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു;

എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.

നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിന്‍ ;

യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.

യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു;

യഹോവ എന്റെ പ്രാര്‍ത്ഥന കൈക്കൊള്ളും.

 ⬆︎ 

സങ്കീർത്തനം 32 : 1-7

ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവന്‍ ഭാഗ്യവാൻ .

യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ .

ഞാൻ‍ മിണ്ടാതെയിരുന്നപ്പോൾ

നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;

രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു;

എന്റെ മജ്ജ വേനല്‍ക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി.

ഞാൻ്‍ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല

എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ‍ പറഞ്ഞു;

അപ്പോൾ‍ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.

ഇതുനിമിത്തം ഔരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാര്‍ത്ഥിക്കും;

പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അതു അവന്റെ അടുക്കലോളം എത്തുകയില്ല.

നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തില്‍നിന്നു സൂക്ഷിക്കും;

രക്ഷയുടെ ഉല്ലാസഘോഷം കൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും.

 ⬆︎ 

സങ്കീർത്തനം 51 : 1-4, 9-13

ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ;

നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.

എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ;

എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.

എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു;

എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.

നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു.

സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിര്‍മ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.

എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ.

എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.

ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു

സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

നിന്റെ സന്നിധിയില്‍നിന്നു എന്നെ തള്ളിക്കളയരുതേ;

നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.

നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ;

മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ.

അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും;

പാപികള്‍ നിങ്കലേക്കു മനംതിരിയും.

 ⬆︎ 

സങ്കീർത്തനം 130

യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു; കർ‍ത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ;

നിന്റെ ചെവി എന്റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.

യഹോവേ, നീ അകൃത്യങ്ങളെ ഔർമ്മവെച്ചാൽ

കർത്താവേ, ആർ നിലനിലക്കും?

എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം

നിന്റെ പക്കൽ വിമോചനമുണ്ട്.

ഞാൻ‍ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു;

അവന്റെ വചനത്തിൽ‍ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.

ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ

എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.

യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊള്‍ക;

യഹോവേക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.

അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.

 ⬆︎ 

2. ആരാധനാസങ്കീർത്തനങ്ങൾ

സങ്കീർത്തനം 23

യഹോവ എന്റെ ഇടയനാകുന്നു;

എനിക്കു മുട്ടുണ്ടാകയില്ല.

പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു;

സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.

എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു;

തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ‍ നടത്തുന്നു.

കൂരിരുൾതാഴ്വരയിൽ‍ കൂടി നടന്നാലും ഞാൻ ഒരു അനർ‍ത്ഥവും ഭയപ്പെടുകയില്ല;

നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.

എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു;

എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും;

ഞാൻ യഹോവയുടെ ആലയത്തിൽ ദീർ‍ഘകാലം വസിക്കും.

 ⬆︎ 

സങ്കീർത്തനം 25 : 1-11

യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;

എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;

ഞാൻ ലജ്ജിച്ചു പോകരുതേ;

എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.

നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല;

വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.

യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ;

നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!

നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;

ദിവസം മുഴുവനും ഞാൻ നിങ്കൽ‍ പ്രത്യാശവെക്കുന്നു.

യഹോവേ, നിന്റെ കരുണയും ദയയും ഔര്‍ക്കേണമേ;

അവ പണ്ടുപണ്ടേയുള്ളവയല്ലോ.

എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ;

യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഓർക്കേണമേ.

യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.

അതുകൊണ്ടു അവൻ പാപികളെ നേർവ്വഴികാണിക്കുന്നു.

സൌമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;

സൌമ്യതയുള്ളവർക്കും തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.

യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കും

അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.

യഹോവേ, എന്റെ അകൃത്യം വലിയതു;

നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.

 ⬆︎ 

സങ്കീർത്തനം 118 : 14-18, 21-26, 28, 29

യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു;

അവൻ എനിക്കു രക്ഷയായും തീർന്നു.

ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ‍ ഉണ്ടു;

യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;

യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

ഞാൻ‍ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു

യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.

യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;

എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.

നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീര്‍ന്നിരിക്കയാൽ

ഞാൻ‍ നിനക്കു സ്തോത്രം ചെയ്യും.

വീടുപണിയുന്നവർ‍ തള്ളിക്കളഞ്ഞ കല്ലു

മൂലക്കല്ലായി തീർന്നിരിക്കുന്നു.

ഇതു യഹോവയാൽ സംഭവിച്ചു

നമ്മുടെ ദൃഷ്ടിയിൽ‍ ആശ്ചര്യം ആയിരിക്കുന്നു.

ഇതു യഹോവ ഉണ്ടാക്കിയ ദിവസം;

ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.

യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;

യഹോവേ, ഞങ്ങൾക്കു ശുഭത നൽകേണമേ.

യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ ;

ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.

നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;

നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.

യഹോവേക്കു സ്തോത്രം ചെയ്‍വിൻ‍ ; അവൻ‍ നല്ലവനല്ലോ;

അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.

 ⬆︎ 

സങ്കീർത്തനം 121

ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു;

എനിക്കു സഹായം എവിടെനിന്നു വരും?

എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.

നിന്റെ കാൽ വഴുതുവാൻ അവന്‍ സമ്മതിക്കയില്ല;

നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല

യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.

യഹോവ നിന്റെ പരിപാലകൻ ;

യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.

പകൽ‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.

യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും.

അവൻ നിന്റെ പ്രാണനെ പരിപാലിക്കും.

യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.

 ⬆︎ 

3. സ്തോത്രസങ്കീർത്തനങ്ങൾ

സങ്കീർത്തനം 34 : 1-10

ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും;

അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.

എന്റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു;

എളിയവർ അതു കേട്ടു സന്തോഷിക്കും.

എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ ;

നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക.

ഞാൻ്‍ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി

എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി;

അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു;

അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.

യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി

അവരെ വിടുവിക്കുന്നു.

യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ ;

അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ .

യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിൻ ;

അവന്റെ ഭക്തന്മാർക്കും ഒന്നിന്നും മുട്ടില്ലല്ലോ.

ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും;

യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല.

 ⬆︎ 

സങ്കീർത്തനം 96 : 1-9

യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിൻ ;

സകലഭൂവാസികളുമായുള്ളോരേ, യഹോവേക്കു പാടുവിൻ .

യഹോവേക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ ;

നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.

ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും

സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ .

യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു;

അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ .

ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂർത്തികളത്രേ;

യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.

ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും

ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.

ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിൻ ;

മഹത്വവും ബലവും യഹോവേക്കു കൊടുപ്പിൻ .

യഹോവേക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ ;

തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ .

വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ;

സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ .

 ⬆︎ 

സങ്കീർത്തനം 103 : 1-5, 8-13, 17-18

എൻ മനമേ, യഹോവയെ വാഴ്ത്തുക;

എന്റെ സര്‍വ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.

എൻ മനമേ, യഹോവയെ വാഴ്ത്തുക;

അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു.

അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു;

നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;

അവൻ നിന്റെ ജീവനെ നാശത്തിൽ്‍നിന്നു വീണ്ടെടുക്കുന്നു;

അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.

നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം

അവൻ‍ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.

യഹോവ കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു;

ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ.

അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല;

എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.

അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല;

നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.

ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ

അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.

ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ

അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.

അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ

യഹോവേക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.

യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്‍ക്കും

അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.

അവന്റെ നിയമത്തെ പ്രാണിക്കുന്നവര്‍ക്കും

അവന്റെ കല്പനകളെ ഔര്‍ത്തു ആചരിക്കുന്നവര്‍ക്കും തന്നേ.

 ⬆︎ 

സങ്കീർത്തനം 111

യഹോവയെ സ്തുതിപ്പിൻ .

ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂര്‍ണ്ണഹൃദയത്തോടെ യഹോവേക്കു സ്തോത്രം ചെയ്യും.

യഹോവയുടെ പ്രവൃത്തികൾ വലിയവയും

അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.

അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു;

അവന്റെ നീതി എന്നേക്കും നിലനിൽക്കുന്നു.

അവൻ തന്റെ അത്ഭുതങ്ങൾ‍ക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു;

യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.

തന്റെ ഭക്തന്മാർക്കും അവൻ ആഹാരം കൊടുക്കുന്നു;

അവൻ തന്റെ നിയമത്തെ എന്നേക്കും ഔർ‍ക്കുംന്നു.

ജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ

തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കും പ്രസിദ്ധമാക്കിയിരിക്കുന്നു.

അവന്റെ കൈകളുടെ പ്രവൃത്തികൾ‍ സത്യവും ന്യായവും ആകുന്നു;

അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.

അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു;

അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.

അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു;

അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.

യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.

അവയെ ആചരിക്കുന്ന എല്ലാവര്‍ക്കും നല്ല ബുദ്ധി ഉണ്ടു;

അവന്റെ സ്തുതി എന്നേക്കും നിലനിലക്കുന്നു.

 ⬆︎